തൃശൂർ: പൊക്കിയെടുത്ത തൃശൂർ ഇനി താൻ നിലത്ത് വയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിങ്ങളെയെല്ലാം കൂടിയാണ് ഞാൻ പൊക്കി എടുത്ത് ഡൽഹിയിലേക്ക് കൊണ്ടുപോയത്. ഇനി താഴെ വയ്ക്കില്ല. 2019-ൽ വൈകാരികതയോടെ പറഞ്ഞു. 2024-ൽ തീവ്ര വൈകാരികതയോടെയാണ് പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറ്റ് സഖ്യങ്ങളെ ജനങ്ങൾ വിശ്വസിച്ചു. 2024-ൽ ആ സഖ്യങ്ങളെ മുഴുവൻ തിരസ്കരിച്ചുകൊണ്ട് അവർ ഞങ്ങളെ നെഞ്ചേറ്റി. വളരെ ഗംഭീരമായ വിജയമാണ് ബിജെപിക്ക് ലഭിച്ചത്. എളുപ്പ വഴികളിലൂടെയല്ല, ഞങ്ങൾ ഈ വിജയം നേടിയത്. ഇതിന് മുമ്പ് എളുപ്പ വഴികളിലൂടെ വിജയം കൊയ്തവർക്ക് നഷ്ടത്തിന്റെ കണക്കെടുക്കാനോ അതിന്റെ കാരണങ്ങൾ അന്വേഷിക്കാനോ ഇപ്പോഴും സാധിക്കുന്നില്ല.
തോൽവിയുടെ കാരണം അന്വേഷിക്കാതെ ശത്രുവിന്റെ വിജയത്തിന്റെ കാരണമാണ് മറ്റുള്ളവർ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ കാര്യം എടുത്തുപറഞ്ഞിരുന്നു. കേരളത്തിലെ മലയാളികൾ മാത്രമല്ല, ഇന്ത്യയിലെ മലയാളികൾ മാത്രമല്ല, കേരളത്തിന്റെ ദുരവസ്ഥ അറിയാവുന്ന എല്ലാവരും പ്രാർത്ഥിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. അഞ്ച് വർഷത്തേക്കല്ല, അമ്പത് വർഷത്തേക്കാണ് ബിജെപി പ്രവർത്തിക്കാൻ പോകുന്നത്. നമുക്ക് ഒന്നിച്ച് ചേർന്ന് നമ്മുടെ കേരളത്തെ മുന്നോട്ട് നയിക്കാം- സുരേഷ് ഗോപി പറഞ്ഞു.