തൃശൂർ: മേയർ എം കെ വർഗീസിനോട് തനിക്ക് എന്നും ആദരവും സ്നേഹവും മാത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപ്പറേഷനിൽ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയറുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ന്യായമായ കാര്യങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനായി എത്തിച്ച് കൊടുത്ത മേയർ എന്ന നിലയ്ക്ക് എനിക്ക് അദ്ദേഹത്തെ ആദരിക്കാനും സനേഹിക്കാനും മാത്രമാണ് തോന്നുന്നത്. അത് ഞാൻ എന്നും ചെയ്തുകൊണ്ടിരിക്കും. മേയർക്കെതിരെ നിൽക്കുന്നവരെ ജനം കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാനത്ത് വൻ പദ്ധതികൾ സുരേഷ് ഗോപി കൊണ്ടുവരുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്ന് എം കെ വർഗീസ് പറഞ്ഞു. മുമ്പുള്ള എംപിമാർ പഞ്ചായത്തും കോർപ്പറേഷനും ചെയ്യേണ്ട കാര്യങ്ങളാണ് ചെയ്തിരുന്നത്. വലിയ സംരംഭങ്ങളാണ് സുരേഷ് ഗോപിയുടെ മനസിലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നായിരുന്നു എംകെ വർഗീസിന്റെ മറുപടി.
മേയറിന് ബിജെപിയുമായും സുരേഷ് ഗോപിയുമായും അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മിൽ നിരവധി പരാതികൾ നേരത്തെ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മേയറെ കണ്ട് സുരേഷ് ഗോപി വോട്ട് ചോദിച്ചതും, മേയർ നടത്തിയ പ്രസംഗവും പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യപ്രകീർത്തനവുമായി സുരേഷ് ഗോപിയും മേയറും രംഗത്തെത്തിയത്.