തൂത്തുക്കുടി: തമിഴ്നാട്ടിലെ സ്വകാര്യ മത്സ്യ സംസ്കരണ പ്ലാൻ്റിൽ അമോണിയ വാതക ചോർച്ച. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. തൂത്തുക്കുടിയിലെ പുതൂർപാണ്ഡ്യപുരത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ മത്സ്യ സംസ്കരണ പ്ലാൻ്റിലാണ് വാതക ചോർച്ചയുണ്ടായത്. അമോണിയ വാതകം ശ്വസിച്ച 30 ഓളം സ്ത്രീകൾക്ക് ശാരീരിക അസ്വാസ്ഥ്യം, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടു.
കയറ്റുമതിക്കായി മത്സ്യ സംസ്കരണം നടത്തുന്ന ഈ പ്ലാന്റിൽ 500ഓളം തൊഴിലാളികൾ ജോലി ചെയ്ത് വന്നിരുന്നതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന് പിന്നാലെയാണ് അമോണിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പ്ലാന്റിനുള്ളിൽ വാതകം പടർന്നത്. സംഭവസമയം അതിഥി തൊഴിലാളികൾ ഉൾപ്പെടെ 21 സ്ത്രീകൾ ഇവിടെ ഉണ്ടായിരുന്നു. വാതകം ശ്വസിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യവും ബോധക്ഷയവും അനുഭവപ്പെട്ടതോടെയാണ് ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.