തിരുവനന്തപുരം: കെ.എസ്.ഇ.ബി. ജീവനക്കാര്‍ രാത്രി ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി അശ്ലീലം പറഞ്ഞുവെന്ന് പരാതി. കൂടെ അസഭ്യ വർഷവും നടത്തി എന്നാണ് ആരോപണം. തുടർന്ന് പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബി ജീവനക്കാരുടെ പ്രതികാരം.തിരുവനന്തപുരം ജില്ലയിലെ അയിരൂര്‍ സ്വദേശിയായ രാജീവിനും കുടുംബത്തിനുമാണ് കെഎസ്ഇബി ജീവനക്കാരുടെ അശ്ലീലവും അസഭ്യ വർഷവും സഹിക്കേണ്ടി വന്നത്.
ശനിയാഴ്ച രാത്രി 11 മണിയോടെ സര്‍വീസ് കേബിളില്‍ നിന്ന് തീ പടരുന്നതായി രാജീവിനെയും കുടുംബത്തെയും അയല്‍വാസി വിളിച്ചറിയിക്കുകയായിരുന്നു .ഉറങ്ങാന്‍ പോയ വീട്ടുകാര്‍ ഉടന്‍ വീട്ടുകാര്‍ പുറത്തിറങ്ങുകയും കെ.എസ്.ഇ.ബി. ജീവനക്കാരെ വിളിക്കുകയും ചെയ്തു. അഗ്നിരക്ഷാസേനയെ വിളിക്കാനാണ് കെ.എസ്.ഇ.ബി. ജീവനക്കാർ രാജീവിന്റെ വീട്ടുകാരോട് ആദ്യം ആവശ്യപ്പെട്ടത്.
പിന്നീട് കുറേസമയത്തിന് ശേശം കെ.എസ്.ഇ.ബി. ജീവനക്കാര്‍ എത്തി. മദ്യപിച്ചെത്തിയ ഇവര്‍ സ്വയരക്ഷ പോലും നോക്കാതെ എന്തൊക്കെയോ കാട്ടിക്കൂട്ടി . ഇത് ചോദ്യം ചെയ്തവരെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ അസഭ്യം പറയുകയും അശ്ലീലം പറയുകയും ചെയ്തു.
വീട്ടുടമയായ രാജീവ് പെട്ടെന്ന് അയിരൂര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കെ.എസ്.ഇ.ബി. ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കാനുള്ള നീക്കങ്ങൾ നടത്തിയതും അയിരൂര്‍ സി.ഐയാണ്.അതേസമയം അപകടമുണ്ടായി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും രാജീവിന്റെ വീട്ടിലെ വൈദ്യുതി കെ.എസ്.ഇ.ബി. പുനഃസ്ഥാപിച്ചില്ല. പരാതി പിന്‍വലിക്കാതെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കില്ല എന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബിയെന്ന് പരാതിക്കാരന് രാജീവ് ആരോപിച്ചു. പൊലീസിൽ പരാതി പിൻവലിച്ചാൽ മാത്രം വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു.
സംഭവം വിവാദമായതോടെ 24 മണിക്കൂര്‍ കഴിഞ്ഞ് ഞായറാഴ്ച രാത്രി വൈകി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി മന്ത്രി ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
തുടർന്ന്കൃത്യനിര്വ്വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കെ.എസ്.ഇ.ബി. രാജീവിനെതിരേ പരാതി നല്കി. സംഭവത്തിൽ കെ.എസ്.ഇ.ബി.
വിശദീകരണവുമായി രംഗത്തെത്തി. രാത്രി മീറ്റർ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോള്‍ വീട്ടിലേക്ക് പോയ കേടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ വളരെ മോശമായി ഭാഷയിൽ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞു നിര്‍ത്തുകയും ചെയ്തുവെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. ജീവനക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോൾ ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന രീതിയില്‍ പരാതി കൊടുക്കുകയായിരുന്നു. എന്നാൽ വൈദ്യ പരിശോധന നടത്തിയപ്പോൾ ഇവർ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടുടമയെ തെറി വിളിച്ചെന്നും എഫ്ഐആർ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടുകാർക്കെതിരെ കെഎസ്ഇബി പരാതി നൽകിയത്. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് കെഎസ്ഇബി നൽകിയ പരാതിയിൽ പറയുന്നത്.