തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വനംവകുപ്പ്, പൊലിസ്, സൈന്യം എന്നീ സേനകൾ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലുമായി ബന്ധപ്പെട്ട തുടർനടപടികൾ സൈന്യവും ചീഫ്സെക്രട്ടറിയും ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിനോടകം 224 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും മൃതദേഹങ്ങൾ സംസ്കരിക്കാൻ ദുരന്തനിവാരണ നിയമ പ്രകാരം കൂടുതൽ ഭൂമി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്റേഷനിലെ ശ്മശാനത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്കരിച്ചു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. കടലിൽ മൃതദേഹങ്ങൾ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി നാവികസേനയുടെയും തീരദേശ സേനയുടെയും സഹായം തേടും. ചാലിയാറിൽ കൂടുതൽ പരിശോധന നടത്താൻ നേവിയോട് ആവശ്യപ്പെടും. ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ സ്വകാര്യ ലാബുകളെയും ആശ്രയിക്കും. ദുരന്ത മേഖലകളിലെ അപകട സാധ്യതയുള്ള കെട്ടിടങ്ങൾ ഉടൻ പൊളിച്ചുമാറ്റുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം നൽകാൻ തദ്ദേശവകുപ്പ് കണക്കെടുക്കും. ഉരുൾപൊട്ടൽ ബാധിത മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും. 24 മണിക്കൂറും പൊലീസ് പട്രോളിംഗ് ശക്തമാക്കി.
വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് നഷ്ടപ്പെട്ട എല്ലാ സർട്ടിഫിക്കറ്റുകളും വീണ്ടെടുക്കുന്നതിനായി പ്രത്യേക ക്യാമ്പ് നടത്തും. ദുരന്തബാധിതർ താമസിക്കുന്ന ക്യാമ്പുകളിലെ ഭക്ഷണനിലവാരം ഉറപ്പുവരുത്തുന്നതാണ്. സ്കൂളിലെ ക്യാമ്പുകളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളാർമല സ്കൂൾ അതേപേരിൽ തന്നെ ടൗൺഷിപ്പിന്റെ ഭാഗമായി പുനർനിർമിക്കും. കുട്ടികൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരും. വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.