വാഷിംഗ്ടൺ: മിനസോട്ട ഗവർണർ ടിം വാൽസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായിരിക്കുകയാണ്.
24 വർഷത്തോളം ആർമി നാഷണൽ ഗാർഡിൽ പ്രവർത്തിച്ചയാളാണ് നിലവിൽ മിനസോട്ട ഗവർണറായി രണ്ടാം ടേമിലും സേവനമനുഷ്ഠിക്കുന്ന ടിം വാൽസ് (60). 2018ലാണ് അദ്ദേഹം മിനസോട്ടയുടെ ചുമതലയിലെത്തിയത്. ഹൈസ്കൂൾ മുൻ അദ്ധ്യാപകൻ കൂടിയാണ് ടിം വാൽസ്.
അടുത്ത ദിവസം തന്നെ കമലാ ഹാരിസും ടിം വാൽസും ചേർന്നുള്ള പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ കടുത്ത മത്സരത്തിലേക്കാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് ചുവടുവയ്ക്കുന്നത്. വാശിയേറിയ പോരാട്ടം നവംബറിലാണ് നടക്കുക. റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനപ്രിയ നേതാവും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപാണ് കമലയുടെ എതിർ സ്ഥാനാർത്ഥി. ഓഹിയോ സെനറ്റർ ജെ.ഡി വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമാണ്.