തിരുവനന്തപുരം ; വേനല്‍ക്കാലത്ത് അധിക വൈദ്യുതിനിരക്ക് ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കെഎസ്ഇബി. ഉപയോക്താക്കളില്‍നിന്ന് ‘വേനല്‍ നിരക്ക്’ ഈടാക്കാന്‍ അനുവദിക്കണമെന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷനോട് കെഎസ്ഇബി ആവശ്യപ്പെട്ടു. വൈദ്യുതിനിരക്കു വര്‍ധനയ്ക്കു പുറമേ വേനല്‍നിരക്കായി യൂണിറ്റിന് 10 പൈസ കൂടി ഈടാക്കാനാണു ശ്രമം. 2024-25 മുതല്‍ 2026-27 വരെയുള്ള വൈദ്യുതിനിരക്ക് വര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങളാണു സമര്‍പ്പിച്ചത്.
50 യൂണിറ്റ് പ്രതിമാസ ഉപയോഗമുള്ള ഗാര്‍ഹിക ഉപയോക്താക്കളെയും കാർഷിക വിഭാഗത്തിലുള്ളവരെയും വേനല്നിരക്കില്നിന്ന് ഒഴിവാക്കും. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 20 കിലോവാട്ടിനു മുകളില്‍ ഉപയോഗിക്കുന്ന വ്യാവസായിക ഉപയോക്താക്കള്‍ക്കും പകല്‍ നിരക്കില്‍ 10 ശതമാനം കുറവ് വരുത്തും. എന്നാല്‍ 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈകിട്ട് 6 മുതല്‍ 10 വരെ (പീക്ക് ടൈം) 25 ശതമാനം അധികനിരക്കാവും ഈടാക്കുക.
2024-25ല്‍ വൈദ്യുതി നിരക്കില്‍ 30 പൈസയുടെ വര്‍ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2025 ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ വേനല്‍ക്കാല നിരക്ക് ഈടാക്കാനും അനുവദിക്കണം. 2025-26 ല്‍ 20 പൈസയുടെ വര്‍ധനയും വേനല്‍ക്കാല നിരക്കായി യൂണിറ്റിന് 10 പൈസയും ഈടാക്കണം. 2026-27ല്‍ ഇത് യഥാക്രമം 2 പൈസയും 10 പൈസയുമാണ്. നിരക്കുവര്‍ധന വഴി 2024-25ല്‍ 811.20 കോടിയും 2025-26ല്‍ 549.10 കോടിയും 2026-27ല്‍ 53.82 കോടിയും നേടാനാകുമെന്നും കെഎസ്ഇബി പറയുന്നു.