കോഴിക്കോട് ; കേന്ദ്രസർക്കാരിന്റെ വഖഫ് ബില്ലിനെതിരെ കേരള മുസ്ലീം ജമാഅത്ത്. വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കാബിനറ്റ് യോഗം ആവശ്യപ്പെട്ടു.
വഖഫ് കൗണ്‍സിലിന്റെയും വഖഫ് ബോര്‍ഡിന്റെയും അധികാരം കവര്‍ന്നെടുക്കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും നടത്തിപ്പിനുമുള്ള പൂര്‍ണാധികാരവും വഖഫ് ബോര്‍ഡുകള്‍ക്ക് നല്കുന്ന വഖഫ് നിയമത്തിലാണ് കാര്യമായി ഭേദഗതി കൊണ്ടു വരുന്നത്.
റവന്യൂ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമേ സ്വത്തുക്കള്‍ വഖഫിലേക്ക് മാറ്റാനാകൂ എന്ന നിര്‍ദേശവും സംശയാസ്പദമാണ്. വഖഫ് ചെയ്യുന്ന വേളയില്‍ അനാവശ്യ തടസ്സങ്ങള്‍ ഇതുലൂടെ സൃഷ്ടിക്കപ്പെടും. മുസ്ലിംകളുടെ വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടു നിലനില്‍ക്കുന്ന വഖഫ് ബോര്‍ഡില്‍ മുസ്ലീം ഇതരരായ രണ്ടുപേര്‍ വേണമെന്ന് ശഠിക്കുന്നതിന്റെ സാധുതയും വ്യക്തമല്ല.
വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാറിന് പുതുതായി പരിശോധന നടത്താനുള്ള അവകാശം ഭേദഗതി ബില്‍ നല്‍കുന്നുണ്ട്. ഇതോടെ ‘തര്‍ക്ക സ്വത്തുക്കളി’ല്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും.മുസ്ലിം പണ്ഡിത നേതൃത്വവുമായും സംഘടനകളുമായും ചര്‍ച്ച ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
അതേസമയം വഖഫ് ബിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐയും രംഗത്തെത്തിയിട്ടുണ്ട്.