വയനാട്: ദുരന്തം നാശം വിതച്ച വയനാടിന് എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുണ്ടക്കൈയിലെത്തിയ പ്രധാനമന്ത്രി കേവലം ഒരു ദുരന്തമല്ല കണ്ടത്. ആ ദുരന്തം എത്രത്തോളം ആഴത്തിലാണ് ജനങ്ങളുടെ ജീവിതത്തെ ബാധിച്ചുവെന്നതാണ് കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ദുരന്തഭൂമി സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” വയനാടിനും കേരളത്തിനും എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട സഹായങ്ങൾ അദ്ദേഹം നൽകുമെന്ന് ഉറപ്പ് നൽകി. സംസ്ഥാന സർക്കാരിന്റെ എല്ലാവിധ ആവശ്യങ്ങളും പരിഗണിക്കപ്പെടും. നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദമായ കണക്കുകൾ സമർപ്പിക്കാൻ അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.”- സുരേഷ് ഗോപി പറഞ്ഞു.
ആശുപത്രിയിലും ക്യാമ്പുകളിലും കഴിയുന്ന ദുരിതബാധിതരെ കണ്ട പ്രധാനമന്ത്രി അവരുടെ സങ്കടങ്ങൾ കേട്ടു. എല്ലാവരെയും അദ്ദേഹം ആശ്വസിപ്പിച്ചു. പ്രതീക്ഷിച്ചതിലും നീണ്ട സമയമാണ് അദ്ദേഹം ദുരന്തഭൂമിയിലും ദുരിതബാധിതരുടെ പക്കലും ചെലവഴിച്ചത്. ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ്, കൗൺസിലിംഗ് ടീമുകൾ, ആയൂർവേദിക് ടീമുകൾ തുടങ്ങി നിരവധി ആളുകളെ കണ്ട് നിർദേശങ്ങൾ നൽകിയാണ് അദ്ദേഹം മടങ്ങിയത്. ദുരിതബാധിതർക്ക് പ്രത്യേക കൗൺസിലിംഗുകൾ നൽകാനും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇന്ന് രാവിലെ 12 മണിയോടെയാണ് പ്രധാനമന്ത്രി ദുരന്തഭൂമിയിലെത്തിയത്. വ്യോമനിരീക്ഷണം നടത്തിയ ശേഷം അദ്ദേഹം വെള്ളാർമല സ്കൂളിൽ സന്ദർശനം നടത്തുകയും വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങൾ അധികൃതരോട് ചോദിച്ചറിയുകയും ചെയ്തു. ശേഷം സെന്റ്ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെയും വിംസ് ആശുപത്രിയിൽ പരിക്കേറ്റവരെയും അദ്ദേഹം കണ്ടിരുന്നു. കേന്ദ്രസർക്കാർ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പു നൽകിയാണ് പ്രധാനമന്ത്രി മടങ്ങിയത്.