ദില്ലി: ബംഗ്ളാദേശിൽ ഇസ്ലാമിക ഭീകരവാദികളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു വംശഹത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിപ്പിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്.
ഡൽഹി സർവ്വകലാശാലയിലെ ആർട്സ് ഫാക്കൽറ്റിയിലാണ് എബിവിപിയുടെ പ്രതിഷേധ പ്രകടനം നടന്നത്.
ഇസ്ലാമിക ഭീകരവാദികൾ നടത്തുന്ന അക്രമങ്ങൾ അപലപനീയമാണെന്നും തീർത്തും മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് അരങ്ങേറുന്നതെന്നും എബിവിപി ഡൽഹി സംസ്ഥാന സെക്രട്ടറി ഹർഷ് അത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് ബംഗ്ളാദേശിലെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താൻ ഭാരത സർക്കാർ ബംഗ്ളാദേശ് ഭരണകൂടത്തോട് ആവശ്യപ്പെട്ടത് സ്വാഗതാർഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികളും അർപ്പിച്ചു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയോടെ രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങിയ ബംഗ്ളാദേശിൽ ഭീകരവാദികൾ അഴിഞ്ഞാടുകയാണ്. ഇസ്കോൺ, കാളി ക്ഷേത്രങ്ങൾ ഉൾപ്പടെ അക്രമികൾ തകർത്തു. ഹിന്ദു സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും വ്യാപക അതിക്രമങ്ങൾ നടന്നതായാണ് വിവരം.