തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങൾ ആർഭാടരഹിതമായി നടത്തണമെന്ന നിർദേശവുമായി സിപിഎം. സമ്മേളനത്തിന്റെ പ്രചാരണ പരിപാടികളിലും ഭക്ഷണത്തിലുമെല്ലാം ആർഭാടങ്ങൾ ഒഴിവാക്കണമെന്നാണ് പാർട്ടിയുടെ കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മറ്റി നിർദ്ദേശം നൽകിയത്. ചില സ്ഥലങ്ങളിൽ നടത്തിയ സമ്മേളനങ്ങളിലെ ആർഭാടം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് തീരുമാനം.
ബ്രാഞ്ച്-ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിൽ പൊതിച്ചോറോ അല്ലെങ്കിൽ അതേ പോലെയുള്ള ഭക്ഷണങ്ങളോ ക്രമീകരിക്കണം. പ്രചാരണ പരിപാടികളിലും വലിയ തോതിലുള്ള ആർഭാടങ്ങൾ ഒഴിവാക്കണം. ആർച്ചുകൾ, കട്ടൗട്ടുകൾ എന്നിവയ്ക്കാണ് നിയന്ത്രണം. ബ്രാഞ്ച് പ്രദേശങ്ങളിൽ കയ്യെഴുത്ത് പോസ്റ്ററുകൾ ആയിരിക്കണം പതിക്കേണ്ടത്. സമ്മേളനങ്ങളിൽ സമ്മാനങ്ങൾ നൽകുന്ന പതിവ് പൂർണമായും ഉപേക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
പാർട്ടി പ്രതിനിധികൾക്ക് വില കൂടിയ ബാഗുകൾ നൽകുന്ന പതിവും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഈ മാസവും അടുത്ത മാസവുമായി ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കാനിരിക്കെയാണ് സിപിഎം കീഴ്ഘടകങ്ങൾക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. നവംബറിൽ ഏരിയ സമ്മേളനവും, ഡിസംബർ, ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനവും ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനവും നടക്കും. ഏപ്രിലിലാണ് പാർട്ടി കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.