കൊല്ലം: പ്രസവം കഴിഞ്ഞ് 27-ാം നാൾ യുവതിക്ക് ക്രൂര മർദ്ദനം. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ചാണ് 19-കാരിയെ അതിക്രൂരമായി ഭർതൃവീട്ടുകാർ മർദ്ദിച്ചത്. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് മർദ്ദനത്തിനിരയായത്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും അലീന ആരോപിക്കുന്നു.
കയറു കൊണ്ട് കൈയും കാലും കെട്ടിയിട്ടായിരുന്നു മർദ്ദനം. ഭർത്താവും, ഭർത്താവിന്റെ സഹോദരനും, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് മർദ്ദിച്ചത്. ഭർത്താവ് കഴുത്തിന് പിടിച്ചും തലയണ വച്ച് ശ്വാസം മുട്ടിച്ചെന്നും യുവതി പറഞ്ഞു. ഭർത്താവിന്റെ സഹോദരനും ഭർതൃപിതാവും മർദ്ദിച്ചു. യുവതിയുടെ വീട്ടുകാരെത്തിയപ്പോൾ അലീനയെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. യുവതിക്ക് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.
പ്രസവശേഷം കുട്ടിയെയും യുവതിയെയും വേണ്ടെന്ന് പറഞ്ഞ് ഭർത്താവ് പിണങ്ങി പോയിരുന്നെന്ന് യുവതിയുടെ മാതാവ് പറയുന്നു. നാളെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങാണ്. ഇതിനോടനുബന്ധിച്ചാണ് ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോയത്. ചടങ്ങിൽ ലഭിക്കുന്ന സ്വർണവും മറ്റും വാങ്ങി നൽകിയ ശേഷം വീട്ടിൽ നിന്ന് പോകണമെന്ന് ഭർതൃപിതാവ് നിർദ്ദേശിച്ചിരുന്നതായും 19-കാരി പറയുന്നു.