ശ്രീനഗർ: പാകിസ്താനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരു നിബന്ധന മുന്നോട്ടുവച്ചായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. ജമ്മു കശ്മീരിൽ ഭീകരത അവസാനിപ്പിക്കാൻ പാകിസ്താൻ തയ്യാറായാൽ ഇന്ത്യ ചർച്ചയ്ക്ക് വരാമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രംബാനിൽ പ്രചാരണ പരിപാടികൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പാകിസ്താൻ ഒരു കാര്യം ചെയ്യണം. ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താൻ ആരാണ് ആഗ്രഹിക്കാത്തത്. കാരണം, നമുക്ക് ഇഷ്ടമുള്ള സുഹൃത്തിനെ തിരഞ്ഞെടുക്കാം, പക്ഷെ അയൽക്കാരനെ മാറ്റാൻ കഴിയില്ലെന്ന യാഥാർത്ഥ്യം തനിക്കറിയാം. പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യക്കുണ്ടാകണമെന്ന് തന്നെയാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. പക്ഷെ, ആദ്യം അവർ ഭീകരതയ്ക്ക് കുടപിടിക്കുന്നത് പൂർണമായും നിർത്തണമെന്ന് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
ജമ്മുകശ്മീരിൽ ഭീകരതയെന്ന മാർഗം സ്വീകരിക്കുന്നവരിൽ 85 ശതമാനവും മുസ്ലീങ്ങളാണ്. ഒരുകാലത്ത് കശ്മീരിൽ ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പതിവ് സംഭവമായിരുന്നു. അതിൽ കൊല്ലപ്പെടുന്നതെല്ലാം ഹിന്ദുക്കളാണോ? കശ്മീരിലെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ അധികവും മുസ്ലീങ്ങളാണ്. താൻ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള കാരണം ആ കണക്കുകളിൽ നല്ല ബോധ്യമുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.