കൊച്ചി : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ മാറ്റുന്നത് കേരളാ ഹൈക്കോടതി താത്കാലികമായി വിലക്കി. 2024ലെ ക്യാപ്റ്റീവ് എലിഫൻ്റ് (ട്രാൻസ്ഫർ & ട്രാൻസ്പോർട്ട്) റൂൾസ് പ്രകാരം ആനകളെ സംസ്ഥാനത്തേക്ക് മാറ്റുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മതിയായ പരിചരണം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് നിരവധി ആനകൾ ചാകുന്നതായി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ , ജസ്റ്റിസ് ഗോപിനാഥ് പി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
2024ലെ ക്യാപ്റ്റീവ് എലിഫൻ്റ് (ട്രാൻസ്ഫർ & ട്രാൻസ്പോർട്ട്) റൂൾസ് ചട്ടം 7 ആനകളെ മാറ്റുന്നതിനുള്ള നിബന്ധനകൾ വ്യവസ്ഥ ചെയ്യുന്നു. ആനയ്ക്ക് നിലവിലെ സാഹചര്യത്തേക്കാൾ മികച്ച പരിപാലനം ലഭിക്കുമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനകളെ മാറ്റാൻ അനുവദിക്കാവൂ എന്നാണ് ചട്ടം.
2018 മുതൽ 2024 വരെ 154 ആനകൾ ചത്തതായി കോടതി നിരീക്ഷിച്ചു. മോശമായ കാലാവസ്ഥയും ശരിയായ പരിചരണത്തിന്റെ അഭാവവും മൂലം ധാരാളം ആനകൾ മരിക്കുന്നതായി കോടതി കണ്ടെത്തി.
മുതിർന്ന അഭിഭാഷക ധന്യ പി.അശോകൻ, അഭിഭാഷകരായ എം.ആർ.വേണുഗോപാൽ, എസ്. മുഹമ്മദ് അലിഖാൻ, അഞ്ജന എസ്. രാജ് എന്നിവരാണ് ഹർജി സമർപ്പിച്ചത്.