ദുബായ്: സൈബർ തട്ടിപ്പുകളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് ഇമിഗ്രേഷൻ. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപഭോക്താക്കളിൽ നിന്ന് യുഎഇ പാസ് ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെയാണ് ദുബായ് ഇമിഗ്രേഷൻ മുന്നറിയിപ്പ് നൽകുന്നത്. തട്ടിപ്പുകൾക്കിരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചത്.
തട്ടിപ്പുകാർ, വ്യാജ സന്ദേശങ്ങളിലൂടെ യുഎഇ പാസ് ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ഒടിപി നമ്പർ പങ്കുവയ്ക്കാൻ നിർബന്ധിക്കുകയും ചെയ്യും. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ യുഎഇ പാസ് ലോഗിൻ വിവരങ്ങളോ ഒടിപി നമ്പറുകളോ പങ്കിടരുതെന്ന് ഇമിഗ്രേഷൻ മുന്നറിയിപ്പ് നൽകി.
തട്ടിപ്പിന് ഇരയാകുന്നുവെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111-ൽ ബന്ധപ്പെടണമെന്നും ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.