എറണാകുളം: നഗരത്തിൽ കറങ്ങി നടന്ന് മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സാബുവും കൂട്ടാളിയും പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതിലധികം മോഷണങ്ങൾ നടത്തിയ സുൽത്താൻ ബത്തേരി സ്വദേശി സാബുവും ഇയാളുടെ കൂട്ടാളിയായ കോഴിക്കോട് സ്വദേശി അജിത്ത് സത്യജിത്തുമാണ് പിടിയിലായത്. അങ്കമാലിയിലെത്തിയ ഇവർ മോഷണത്തിന് ഒരുക്കം നടത്തുന്നതിനിടെയാണ് പിടിയിലായത്.
കഴിഞ്ഞ 30ന് കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതികൾ നവരത്ന മോതിരം ഉൾപ്പെട കവർന്നിരുന്നു. തുടർന്ന് അങ്കമാലിയിലെത്തിയ സാബുവും അജിത്തും മോഷണം നടത്തേണ്ട വീടുകൾ നോക്കിവച്ചു. ഇതിനിടയിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.
പകൽസമയം ബൈക്കിൽ കറങ്ങിനടന്ന് ആളില്ലാത്ത വീട് മനസിലാക്കി രാത്രി മോഷണം നടത്തുന്നതാണ് സ്പൈഡർ സാബുവിന്റെ രീതി. 2023-ൽ മോഷണക്കേസിൽ അറസ്റ്റിലായ സാബു ജയിലിൽ വച്ചാണ് അജിത്തുമായി പരിചയത്തിലായത്. പുറത്തിറങ്ങിയ ശേഷം ഇരുവരും ഒരുമിച്ച് മോഷണം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.