ആലപ്പുഴ: ക്രെഡിറ്റ് കാർഡിന്റെ കുടിശിക വിവരങ്ങൾ തെരക്കാനെത്തിയ ബാങ്ക് ജീവനക്കാരനെ കാെലപ്പെടുത്താൻ ശ്രമം. ഹരിപ്പാട് നടന്ന സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുമാരപുരം പൊത്തപ്പള്ളി സ്വദേശിയായ കിഷോറാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിലാണ് ഉദ്യോഗസ്ഥനായ കബീർ ക്രെഡിറ്റ് കാർഡ് വിവരങ്ങളെ കുറിച്ച് സംസാരിക്കാനെത്തിയത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ക്രെഡിറ്റ് കാർഡിന്റെ കുടിശിക വിവരങ്ങൾ സംസാരിക്കാനായി ഉദ്യോഗസ്ഥൻ കിഷോറിന്റെ വീട്ടിലെത്തി. തുടർന്ന്, കുടിശിക തുക ഇനിയും കൂടിയാൽ കൂടുതൽ തുക അടക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ഇതുകേട്ട കിഷോർ പ്രകോപിതനായി കൈയ്യിലുണ്ടായിരുന്ന ലോഹവസ്തു ഉപയോഗിച്ച് കബീറിനെ മർദ്ദിക്കുകയായിരുന്നു.
പ്രതി കത്തി ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും കബീർ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെയാണ് കബീർ രക്ഷപ്പെട്ടത്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് കിഷോർ. നേരത്തെ മറ്റൊരു കേസിൽ പൊലീസ് ഇയാളെ പിടികൂടിയപ്പോൾ റിവോൾവർ ഉൾപ്പെടെ ഇയാളിൽ നിന്നും പിടികൂടിയിരുന്നതായി പൊലീസ് അറിയിച്ചു.