ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഓഗസ്റ്റ് 19-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
ജനറൽ സെക്രട്ടറി സ്ഥാനത്ത് പത്ത് വർഷം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ ബാക്കി നിൽക്കേയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്ത്തകന് ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപകം യെച്ചൂരിയുടെയും മകനായി 1952 ഓഗസ്റ്റ് 12 നാണ് സീതാറാം യെച്ചൂരി ജനിച്ചത്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറുമായിരുന്നു യെച്ചൂരിയുടെ പിതാവ് .
ഹൈദരാബാദിലെ ഓൾ സെയിൻ്റ്സ് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം ആരംഭിച്ചത്. തുടർന്ന് ഡൽഹിയിൽ എത്തിയ അദ്ദേഹം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്കോടെ പാസായി. ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിഎ (ഓണേഴ്സ്), ജെഎൻയുവിൽ നിന്ന് എംഎ എന്നിവ പൂർത്തിയാക്കി.
1974-ൽ എസ്എഫ്ഐയിലൂടെയായിരുന്നു യെച്ചൂരിയുടെ രാഷ്ട്രീയ പ്രവേശനം. 1978 ൽ അദ്ദേഹം എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റായി. ബംഗാളിൽ നിന്നോ കേരളത്തിൽ നിന്നോ അല്ലാതെ എസ്എഫ്ഐയുടെ ആദ്യ പ്രസിഡൻറ് ആയിരുന്നു യെച്ചൂരി. 1984-ൽ അദ്ദേഹം സിപിഎം ന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . 1992 മുതൽ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ് യച്ചൂരി . 2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2015 ൽ വിശാഖപട്ടണത്ത് നടന്ന 21-ാം സിപിഎം പാർട്ടി കോൺഗ്രസിലാണ് അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2018 ലും 2022ലും അദ്ദേഹം സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.