കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട രണ്ട് പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവും സുഹൃത്തുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകാനും നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടെന്നാണ് പരാതി. വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് ചെയ്യിക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഭർത്താവ് മർദ്ദിക്കാൻ ശ്രമിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
അടിവാരം സ്വദേശി പി.കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ഇരുവരും സഹപ്രവർത്തകരാണ്. വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നഗ്നപൂജ നടത്തുന്നത് മികച്ച പോംവഴിയാണെന്ന് യുവതിയുടെ ഭർത്താവിനെ ഉപദേശിച്ചത് പ്രകാശനായിരുന്നു. സാമ്പത്തിക ഞെരുക്കങ്ങൾ കാരണം ഭർത്താവ് ഗൾഫിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. പോകുന്നതിന് വേണ്ട നടപടിക്രമങ്ങൾ തടസങ്ങളില്ലാതെ പൂർത്തിയാക്കുന്നതിനും കുടുംബത്തിൽ സമ്പത്തുണ്ടാകാനും നഗ്നപൂജ നല്ലതാണെന്നും പ്രകാശൻ വിശ്വസിപ്പിച്ചു. ഇതിനെ തുടർന്നാണ് ഭർത്താവ് യുവതിയെ പൂജയ്ക്കായി നിർബന്ധിച്ചത്.