ന്യൂഡൽഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണർ ഉൾപ്പെടെ അഞ്ച് നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തിലെ അഡ്മിനിസ്ട്രേഷൻ ഡിവിഷനാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. ബംഗ്ലാദേശിന്റെ സന്ദേശം അതാത് രാജ്യങ്ങളിലേക്ക് കൈമാറുന്നത് ഉൾപ്പെടെ ഇവരുടെ സേവനം മെച്ചപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
ഇന്ത്യയിലെ ബംഗ്ലാദേശിന്റെ ഹൈക്കമ്മീഷണർ മുസ്തഫിസുർ റഹ്മാന് പുറമെ, യുഎന്നിലെ ബംഗ്ലാദേശിന്റെ സ്ഥിരം പ്രതിനിധി, ഓസ്ട്രേലിയ, ബെൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെയുമാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇതിൽ മുസ്തഫിസുർ റഹ്മാൻ ഉൾപ്പെടെ ഭൂരിഭാഗം പേരും വരും മാസങ്ങളിൽ സർവീസിൽ നിന്ന് വിരമിക്കാനൊരുങ്ങുകയാണ്.
2022 ജൂലൈയിലാണ് ഇന്ത്യയിലെ ഹൈക്കമ്മീഷണറായി മുസ്തഫിസുർ നിയമിതനായത്. ജനീവയിൽ യുഎന്നിലെ ബംഗ്ലാദേശിന്റെ സ്ഥിരം പ്രതിനിധി, സ്വിറ്റ്സർലന്റ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധി തുടങ്ങിയ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് ശർമ്മ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തതായും ബംഗ്ലാദേശ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം കഴിഞ്ഞ മാസം ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസും തമ്മിലുള്ള കൂടിക്കാഴ്ച നടത്തുന്നതിനായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ നേതൃത്വത്തിൽ വലിയ രീതിയിൽ ശ്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉയർത്തുന്ന വിമർശനങ്ങളിൽ ഇന്ത്യയും കടുത്ത അതൃപ്തിയിലാണ്.