പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവിന്റെ വിതരണം നാളെ. മഹാരാഷട്രയിലെ വാഷിമിൽ വച്ചാകും ഉദ്ഘാടനം നടത്തുക. രാജ്യത്തുടനീളമുള്ള 9.4 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്കാകും തുക നേരിട്ടെത്തുക. 20,000 കോടിയിലധികം രൂപയാണ് ഇതിനായി വിനിയോഗിക്കുക.
അർഹരായവർ കെവൈസി പ്രക്രിയ നിർബന്ധമായും പൂർത്തീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള സിഎസ്സി കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് പിഎംകിസാൻ ഹെൽപ്പ് ലൈൻ നമ്പറായ 155261 / 011-24300606 എന്നതിൽ ബന്ധപ്പെടാം.
ഗുണഭോക്തൃ പട്ടിക പരിശോധിക്കാനും അവസരമുണ്ട്. ഇതിനായി pmkisan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹോംപേജിൽ ‘Farmer Corner’ എന്നത് തെരഞ്ഞെടുക്കുക. ‘beneficiary status’ ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തെരഞ്ഞെടുക്കുക. സ്റ്റാറ്റസ് അറിയാൻ ‘Get Report‘ ക്ലിക്ക് ചെയ്യുക.
അർഹരായ കർഷകർക്ക് ഓരോ നാല് മാസം കൂടുമ്പോഴാണ് 2,000 രൂപ വീതം ലഭിക്കുന്നത്. പ്രതിവർഷം 6,000 രൂപയാണ് ലഭിക്കുക. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭൂമി കൈവശമുള്ള കർഷകർക്കും കൃഷിയോഗ്യമായ സ്ഥലമുള്ളവർക്കും ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നതാണ്.