പനാജി: വടക്കൻ ഗോവയിലെ കലൻഗുട്ട് ബീച്ചിൽ മദ്യപിച്ച് കടലിൽ ഇറങ്ങിയ അഞ്ച് മലയാളി വിനോദ സഞ്ചാരികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.
25 നും 30 നും ഇടയിൽ പ്രായമുള്ള ഇവർ രാവിലെ 6.20 ഓടെയാണ് കടലിൽ ഇറങ്ങിയത്. ബീച്ചിലുണ്ടായിരുന്ന ഒരു ലൈഫ് ഗാർഡ് ശുഭം കേലാസ്കർ, ഈ സംഘം കടലിൽ ഇറങ്ങുന്നത് ശ്രദ്ധിക്കുകയും അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവർ അവഗണിച്ചു. അപകടം മണത്ത ലൈഫ് ഗാർഡ് ലൈഫ്സേവർ ടവറിലെ സഹപ്രവർത്തകരോട് സജ്ജരായിരിക്കാൻ മുന്നറിയിപ്പ് നൽകി.
തുടർന്ന് ഈ വിനോദസഞ്ചാരികൾ കൂടുതൽ ആഴത്തിലേക്ക് നീങ്ങുകയും തീരത്ത് നിന്നും മുപ്പത് മീറ്റർ അകലെ തിരയിൽ അകപ്പെടുകയും ചെയ്തു. ഈഅപകടം കണ്ടതോടെ ബീച്ചിൽ നിയോഗിക്കപ്പെട്ടിരുന്ന മറ്റു നാല് ലൈഫ് ഗാർഡുകൾ ഓടിയെത്തി അവരെ റെസ്ക്യൂ ട്യൂബുകളുടെ സഹായത്തോടെ കരയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് ഇവരെ ബീച്ചിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളെ ഏൽപ്പിച്ചു.
ഗോവയിലെ ബീച്ചുകളിൽ വൈകുന്നേരം 6 മുതൽ രാവിലെ 7 വരെ നീന്താൻ നിരോധനമുണ്ട്.