കൊൽക്കത്ത: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള സമരം അടുത്ത ഘട്ടത്തിലേക്ക്.
ഇതിൽ പ്രതിഷേധിച്ച് സമര ജൂനിയർ ഡോക്ടർമാർ മരണംവരെ നിരാഹാരം പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാരസമരം പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകീട്ടാണ് പ്രഖ്യാപനം ഉണ്ടായത്.
ഇരയായ വനിതാ ഡോക്ടർക്ക് നീതി ലഭിക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുക, തൊഴിലിടത്തിൽ സുരക്ഷാ നടപടികൾ നടപ്പിലാക്കുക, പശ്ചിമ ബംഗാളിലെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രോഗികൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുക , ജോലിസ്ഥലത്തെ ഭീഷണി സംസ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെയാണ് അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്.
ആറുഡോക്ടർമാരാണ് നിരാഹാര സമരം നടത്തുക . നിരാഹാരത്തിനിടെ ഇവർക്കെന്തെങ്കിലും സംഭവിച്ചാൽ ബംഗാൾ സർക്കാരാണ് അതിനുത്തരവാദിയെന്നും ഡോക്ടർമാരുടെ സംഘടന പറഞ്ഞു.