കറാച്ചി: പാകിസ്താനിലെ കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ പല സ്ഥലങ്ങളിലായിട്ടാണ് സ്ഫോടനം ഉണ്ടായത്. ടാങ്കർ സ്ഫോടനമാണ് ഉണ്ടായതെന്നും, നിരവധി വാഹനങ്ങൾ തീപിടിച്ച് നശിച്ചതായും അധികൃതർ വ്യക്തമാക്കി. സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്നും വലിയ രീതിയിൽ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം.
സിന്ധ് പ്രവിശ്യയിലെ പവർ പ്രോജക്ടിൽ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയർമാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. നോർത്ത് നിസാമബാദ്, ചന്ദ്രിഗർ, കരിമാബാദ് തുടങ്ങീ വിമാനത്താവളത്തിന് സമീപമുള്ള പല സ്ഥലങ്ങളിലും സ്ഫോടനത്തിന്റെ ശബ്ദം വലിയ രീതിയിൽ കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പാകിസ്താനിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കറാച്ചിയിലേത്.
സ്ഫോടനമുണ്ടായതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള എൻട്രി, എക്സിറ്റ് പോയിന്റുകൾ അടച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. എയർപോർട്ട് റോഡിലാണ് സ്ഫോടനമുണ്ടായതെന്നും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ആഭ്യന്തരമന്ത്രി സിയ ഉൾ ഹസൻ പറഞ്ഞു. സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഷാങ്ഹായ് ഉച്ചകോടി പാകിസ്താനിൽ നടക്കാനിരിക്കെയാണ് രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനമുണ്ടായത്.