“ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു ഗതി വരുത്തരുതേ.. എന്തൊരു വിധിയാണിത്..”
ഹരിയാന, ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കോൺഗ്രസിന് ലഭിച്ച സീറ്റുനില വിലയിരുത്തി സോഷ്യൽമീഡിയയിൽ ഉയരുന്ന കമന്റുകളാണിത്. വീണ്ടുമൊരു ജനവിധി പുറത്തുവരുമ്പോൾ ട്രോളുകളിൽ ഒതുങ്ങാനാണ് കോൺഗ്രസിന്റെ വിധിയെന്ന് സൂചിപ്പിക്കുന്ന ഫലങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഹരിയാനയിൽ അധികാരം തിരിച്ചുപിടിക്കുമെന്ന് 100 ശതമാനം ഉറപ്പിച്ച കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നൽകി ബിജെപി കേവലഭൂരിപക്ഷം കടന്നു. ആകെയുള്ള ആശ്വാസം ജമ്മുകശ്മീരിലാണെന്ന് പറയാം. അപ്പോഴും കശ്മീരിൽ നേട്ടം കൊയ്തതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള സാധ്യതകളും അടയുകയാണ്. കാരണം മുപ്പതോളം സീറ്റുകളിൽ മത്സരിച്ചെങ്കിലും പത്ത് സീറ്റുകളിൽ ലീഡ് നേടാൻ പോലും ഇതുവരെയും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
നാഷണൽ കോൺഫറൻസ് (JKNC) – കോൺഗ്രസ് സഖ്യമായിരുന്നു ജമ്മുകശ്മീരിൽ മത്സരിച്ചത്. 41 സീറ്റുകളിൽ ലീഡ് നേടി NC കരുത്തുകാട്ടിയെങ്കിലും ഒപ്പം കൂടിയ കോൺഗ്രസിന് സന്തോഷിക്കാൻ വകയൊന്നുമില്ല. പെറുക്കികൂട്ടിയാൽ ആറ് സീറ്റുകളിലാണ് ലീഡുള്ളത്. അതേസമയം ജമ്മുവിൽ മുന്നേറ്റം നടത്തിയ ബിജെപി 29 സീറ്റുകളിൽ ലീഡ് നേടിയിരിക്കുകയാണ്.
ഹരിയാനയിൽ ഇത്തവണ അധികാരത്തിൽ കയറാനുള്ള വലിയൊരു അവസരം മുന്നിൽ വന്നിട്ടും അത് ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് കഴിയാതെ പോയി. ബിജെപിയുടെ സദ്ഭരണത്തെ മറികടക്കാൻ കോൺഗ്രസിന്റെ വാദങ്ങൾക്കും പ്രചാരണങ്ങൾക്കും സാധിച്ചില്ല. എന്നാൽ ജമ്മുകശ്മീരിൽ കോൺഗ്രസ് പുലർത്തിയത് അതിലും വലിയ പ്രതീക്ഷയായിരുന്നു. കോൺഗ്രസ് നേതാവ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിച്ച മണ്ണ്. മഞ്ഞിൽ നിന്ന് വിറങ്ങലിച്ച് പ്രസംഗിച്ച രാഹുലിനെ കശ്മീർ ജനത കണ്ടഭാവം നടിച്ചില്ലെന്നതിന്റെ തെളിവ് കൂടിയാണ് ജനവിധി. മെഹബൂബ മുഫ്തിയുടെ പിഡിപിക്കും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വെഖപം മൂന്ന് സീറ്റുകളിലാണ് പിഡിപിയുടെ ലീഡ്.
ഉച്ചയ്ക്ക് 2.15 വരെയുള്ള കണക്കുകൾ പ്രകാരം ജമ്മുകശ്മീരിൽ 29 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ഇതിൽ 11 സീറ്റിലും വിജയിച്ചു. നാഷണൽ കോൺഫറൻസിന് 41 സീറ്റുകളിലാണ് ലീഡ്. ഇതിൽ എട്ടിടത്ത് വിജയിച്ചുകഴിഞ്ഞു. പിഡിപിക്ക് നാല് സീറ്റിൽ ലീഡ്, ഒരിടത്ത് വിജയിച്ചു. കോൺഗ്രസിനാകട്ടെ ആറ് സീറ്റിൽ ലീഡ്. രണ്ട് സീറ്റിൽ വിജയം.