കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ ക്രമസമാധാന പാലനം നടത്തിയ അഞ്ച് പൊലീസുകാർക്കെതിരെ പ്രതികാര നടപടി. ദേശാഭിമാനി ലേഖകനെ മർദ്ദിച്ചെന്ന പരാതിയിലാണ് പൊലീസുകാരെ സ്ഥലം മാറ്റിയത്. ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയുമാണ് സ്ഥലം മാറ്റിയത്. ജില്ലാ ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റം.
കഴിഞ്ഞ ദിവസം മട്ടന്നൂർ പോളിയിലെ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കിയതിന്റെ പേരിൽ എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. സംഘർഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലാത്തി വീശുകയും പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ ഇവരെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് സിപിഎമ്മുകാർ മോചിപ്പിച്ചു. ഇതിന് പിന്നാലെയാണ് സംഘർഷം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ച പോലീസുകാർക്കെതിരെ പ്രതികാര നടപടിയും ഉണ്ടായത്.
ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പൊലീസ് മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി.മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ മർദ്ദനമേറ്റതായി ദേശാഭിമാനി ലേഖകൻ ശരത് ആരോപിച്ചിരുന്നു. പൊലീസ് അകാരണമായി പിടികൂടി മർദിച്ചെന്നായിരുന്നു ആരോപണം. ഇവർക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.