കോട്ടയം: കേരളത്തിലെ വനിതാകോളേജുകൾ നാരീശക്തിയുടെ പ്രഭവ കേന്ദ്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. മതപരമായി ഉരുത്തിരിഞ്ഞുവന്ന ചരിത്രപരമായ ഇത്തരം സ്ഥാപനങ്ങളിൽ അച്ചടക്കത്തോടെയുള്ള ഒരു വനിതാ സംസ്കാരം തുടങ്ങി വെയ്ക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ അൽഫോൺസാ കോളേജിലെ ഡയമണ്ട് ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സെന്റ് തെരേസാസ് കോളേജായാലും തൃശൂർ വിമല കോളേജായാലും പാലക്കാട് മേഴ്സി കോളേജായാലും കോഴിക്കോട് പ്രൊവിഡൻസ് കോളേജായാലും തിരുവനന്തപുരത്തെ വിമൻസ് കോളേജായാലും നാരീശക്തി ഉദ്ഭവ കേന്ദ്രങ്ങളാണ്. ഭാരതത്തിന് അഭിമാനമായ മൂന്ന് ഒളിമ്പ്യന്മാരെ സമ്മാനിച്ചത് അൽഫോൺസാ കോളജാണെന്ന് അദ്ദേഹം ഓർത്തു. ഷൈനി വിൽസൺ, പ്രീജ ശ്രീധരൻ, സിനി ജോസ് എന്നീ മൂന്ന് കായിക താരങ്ങളെ വാർത്തെടുത്തത് ഈ വനിതാ കോളജിൽ നിന്നാണ്. കായിക, വിനോദ, കലാ പരമ്പര്യം കൂടി അൽഫോൺസാ കോളേജിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതത്തിലെ പല കാലഘട്ടങ്ങളിൽ മകനും ഭർത്താവും അച്ഛനുമൊക്കെയായി അൽഫോൺസാ കോളേജിൽ എത്തിയിട്ടുണ്ടെന്നും വനിതാ കോളേജുകളിൽ കണ്ടുവരുന്ന ഒരു പോസിറ്റിവ് അന്തരീക്ഷം മറ്റെവിടെയും കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ ഒരു ഗോൾഡൻ എവർ റോളിംഗ് ട്രോഫി കോളേജിനായി നൽകുമെന്നും സുരേഷ്ഗോപി പ്രഖ്യാപിച്ചു. പക്ഷെ ഈ ഗോൾഡൻ ട്രോഫി മുഴുവൻ സ്വർണം കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നതെന്ന് തൃശൂരിലെ ചിലർ ചോദിച്ചു വരരുതെന്നും പ്രസംഗത്തിനിടയിൽ അദ്ദേഹം പറഞ്ഞു. നേരത്തെ തൃശൂർ ലൂർദ്ദ് മാതാവിന്റെ പളളിയിൽ സ്വർണ കിരീടം സമർപ്പിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.