ബെഗുസാരായി ; ശ്രീരാമനും ഹനുമാനും മുസ്ലീങ്ങളായിരുന്നുവെന്നും , നിസ്ക്കരിക്കാറുണ്ടെന്നും വിദ്യാർത്ഥികളെ പഠിപ്പിച്ച അദ്ധ്യാപകനെതിരെ ശക്തമായ പ്രതിഷേധം .
ബീഹാറിലെ ബെഗുസാരായിയിൽ കദരാബാദിലെ ഉത്ക്രാമിത് മധ്യവിദ്യാലയത്തിലെ മുഹമ്മദ് സിയാവുദ്ദീൻ എന്ന അധ്യാപകനാണ് വിദ്യാർത്ഥികളെ ഇത്തരത്തിൽ പഠിപ്പിച്ച് വിവാദം സൃഷ്ടിച്ചത്. “ശ്രീരാമനും അദ്ദേഹത്തിന്റെ ഭക്തനായ ഹനുമാനും മുസ്ലീങ്ങളായിരുന്നു. അവർ നിസ്കരിക്കാറുണ്ടായിരുന്നു.” എന്നാണ് സിയാവുദ്ദീൻ ഏഴാം ക്ലാസ് വിദ്യാർത്ഥികളെ പഠിപ്പിച്ചത് . കുട്ടികൾ ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞതോടെ പ്രതിഷേധവുമുയർന്നു . തുടർന്ന് ഗ്രാമവാസികൾ അദ്ധ്യാപകന്റെ വീട്ടിലെത്തി പ്രതിഷേധം അറിയിച്ചു.
ബുധനാഴ്ച സ്കൂൾ തുറന്നപ്പോൾ നിരവധി പേർ സ്കൂളിലെത്തി അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടു . നിസ്ക്കരിച്ച ആദ്യ ഹിന്ദു ഹനുമാനാണെന്നാണ് അദ്ധ്യാപകൻ തങ്ങളോട് പറഞ്ഞതെന്ന് കുട്ടികൾ പറഞ്ഞു. സംഭവം വിവാദമായതോടെ അദ്ധ്യാപകൻ മാപ്പ് പറഞ്ഞ് രംഗത്തെത്തി . ‘ഞാൻ ഇതൊക്കെ അബദ്ധത്തിൽ പഠിപ്പിച്ചു. ഞാൻ ഒരു തെറ്റ് ചെയ്തു, ദയവായി എന്നോട് ക്ഷമിക്കൂ. ഭാവിയിൽ ഇത് സംഭവിക്കില്ല.‘ എന്നും സിയാവുദ്ദീൻ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിച്ച അധ്യാപകനെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.