ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്ത കേസിൽ രണ്ട് പ്രതികളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. യുപി സ്വദേശികളായ സുധീർ, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്.
ഛത്തീസ്ഗഡിൽ ഭീകരാക്രമണം നടത്തുന്നതിന് വേണ്ടി പ്രതികൾ ആയുധങ്ങൾ കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായതെന്ന് എൻഐഎ സംഘം അറിയിച്ചു. നിരവധി മാരകായുധങ്ങളും വെടിക്കോപ്പുകളും പല തവണയായി പ്രതികൾ ഭീകരർക്ക് നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ഛത്തീസ്ഗഡിലെ ബസ്തർ വനമേഖലയിൽ ഒളിച്ചുതാമസിക്കുന്ന ഭീകരർക്കാണ് പ്രതികൾ ആയുധങ്ങൾ എത്തിച്ചുകൊടുത്തിരുന്നത്. പ്രതികൾ ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തിയിരുന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഛത്തീസ്ഗഡിലെ ലോക്കൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഈ വർഷം ജനുവരിയിൽ കേസ് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.