ഒറ്റപ്പാലം: ഒറ്റപ്പാലം എൻഎസ്എസ് കോളേജ് കവാടത്തിന് പുറത്തുനടന്ന കല്ലേറിൽ പൊലീസുകാരന് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. സുരക്ഷാ ജോലിക്കെത്തിയ എ.ആർ.ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ എരിമയൂർ സ്വദേശി ഉദയന് (36)പരിക്കേറ്റ കേസിലാണ് നടപടി.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി.എം.ദുർഗാദാസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ. പ്രേംജിത്ത് എന്നിരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം ഉണ്ടായത്. തെരഞ്ഞെടുപ്പിനിടെ കോളേജിൽ എസ്എഫ്ഐ, കെഎസ്യു സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു.
ഇതേത്തുടർന്ന് കോളേജ് ഗേറ്റിന് പുറത്ത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സംഘടിച്ച് എത്തിയിരുന്നു. ഇതിനിടെയാണ് കല്ലേറ് ഉണ്ടായത്. രാത്രി 9.20ഓടെയാണ് സംഭവം. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് പരിക്കേൽക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഗുരുതരമായി പരിക്കേൽപ്പിച്ചതിനും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുപ്രകാരം 20 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.