കണ്ണൂർ: അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കണ്ണൂർ എഡിഎം നവീൻ ബാബു മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരെ കേസെടുത്ത് പൊലീസ്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ദിവ്യയ്ക്കെതിരെ ചുമത്തിയത്.
പി പി ദിവ്യക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം വിപി ദുൽഖിഫിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിലും അന്വേഷണം നടത്തും. നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിൽ പിപി ദിവ്യയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അന്വേഷണത്തിനായി പത്തനംതിട്ടയിലേക്ക് എത്തുമെന്നും പൊലീസ് അറിയിച്ചു.
നവീൻ ബാബുവിന്റെ യായത്രയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യയുടെ അഴിമതി ആരോപണം. സംരംഭകൻ ടി വി പ്രഭാകരനിൽ നിന്നും 98,500 രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഇതിൽ മനംനൊന്ത് കണ്ണൂരിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. സംസ്കാരം പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും.