മുംബൈ: കാറ്റു നിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മുംബൈയിൽ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഗണേഷ് ദേവേന്ദ്ര (30) ആണ് മരിച്ചത്. കരാർ ജീവനക്കാരനായ ഗണേഷ് ജൂൺ 20നാണ് ജോലിക്ക് ചേർന്നത്.
ബൃഹൻമുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആൻ്റ് ട്രാൻസ്പോർട്ടിന്റെ വോർലി ഡിപ്പോയിലാണ് സംഭവം നടന്നത്. വർക്ക് ഷോപ്പിൽ ബസിന്റെ മുൻ ടയറിൽ വായു നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. അളവിൽ കൂടുതലായി കാറ്റ് കയറിയതോടെ ഇത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ യുവാവ് ദൂരേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗണേഷിനെ കെഇഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരണത്തിന് കീഴടങ്ങി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.