കശ്മീർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഭീകരാക്രമണം നിന്ദ്യവും ഭീരുത്വം നിറഞ്ഞ പ്രവർത്തിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹീനമായ കൃത്യത്തിൽ ഏർപ്പെട്ട ഒരാളെ പോലും വെറുതെ വിടില്ലെന്നും, ഭീകരർക്ക് സുരക്ഷാ സേന ഏറ്റവും കടുത്ത രീതിയിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പ് നൽകിയത്.
” ജമ്മു കശ്മീരിൽ ഗന്ദർബാൽജില്ലയിലുണ്ടായ ആക്രമണം അങ്ങേയറ്റം നിന്ദ്യമായ പ്രവർത്തിയാണ്. ഈ ഹീനകൃത്യത്തിൽ ഉൾപ്പെട്ട ഒരാളേയും വെറുതെ വിടില്ല. രാജ്യത്തിന്റ സുരക്ഷാസേനയിൽ നിന്ന് ഭീകരർക്ക് ഏറ്റവും ശക്തമായ പ്രതികരണം തന്നെ നേരിടേണ്ടി വരും. ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു”.
തുരങ്കനിർമ്മാണ പാതയ്ക്ക് സമീപമുണ്ടായ വെടിവയ്പ്പിൽ അഞ്ച് തൊഴിലാളികളേയും ഒരു ഡോക്ടറേയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുരങ്കനിർമ്മാണത്തിന് എത്തിയ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഡോക്ടറും ഈ സംഘത്തിന്റെ ഭാഗമായിരുന്നു. അഞ്ച് പേർ പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നും, ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയും ആക്രമണത്തെ അപലപിക്കുന്നതായി അറിയിച്ചു. കുറ്റകൃത്യത്തിൽ പങ്കാളികളായവർക്ക് ശിക്ഷ ലഭിക്കാതെ പോകില്ലെന്നും, ഭീകരർക്കെതിരെ നടപടിയെടുക്കാൻ പൊലീസിനും സൈന്യത്തിനും സുരക്ഷാ സേനയ്ക്കും പൂർണ സ്വാതന്ത്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.