കോഴിക്കോട്: തെരുവുനായകളുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ള്യേരിയിൽ രാവിലെയാണ് സംഭവം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മനത്താനത്ത് സ്വദേശി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് ആളുകളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്കൂൾ വിദ്യാർത്ഥികളെ ആക്രമിക്കാനും നായകൾ ശ്രമിച്ചിരുന്നു. എന്നാൽ കുട്ടികൾ ഓടി മാറിയതോടെ നായകൾ മറ്റ് ആളുകൾക്ക് നേരെ തിരിയുകയായിരുന്നു. പ്രദേശത്തെ വീടുകളിൽ കെട്ടിയിട്ടിരുന്ന രണ്ട് വളർത്തു നായകളെയും തെരുവുനായകൾ കടിച്ചിട്ടുണ്ട്.
പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമായി തുടരുകയാണെന്നും അധികൃതർ പരിഹാരം കാണുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. കടിച്ച നായകൾക്ക് പേവിഷബാധയുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.