കോഴിക്കോട്: ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയെ കേരള സ്റ്റേറ്റ് ടെമ്പിൾ ജനറൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെയും പള്ളിപ്പാട്ട് അയ്യപ്പ ക്ഷേത്ര കമ്മിറ്റിയുടെയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു. സംഘടനയുടെ വൈസ് പ്രസിഡന്റ് ജനാർദ്ദനവാര്യരുടെ അദ്ധ്യക്ഷതയിലാണ് പരിപാടി നടന്നത്. ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിഷ്ണു നമ്പൂതിരി വാസുദേവൻ നമ്പൂതിരിയെ പൊന്നാടയണിയിച്ചു.
കഴിഞ്ഞ 17-നാണ് ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാറിനെയും മാളികപ്പുറം മേൽശാന്തിയായി ടി. വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തത്. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. 15 അംഗ പട്ടികയിൽ നിന്നായിരുന്നു മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്.
കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷ കാലത്തേക്കാണ് മാളികപ്പുറത്ത് പൂജകൾ നടത്തുന്നത്. മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്ന നവംബർ 15-ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.