ടെൽഅവീവ്: ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ. സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് ആണ് ഇൗ വിവരം പുറത്തുവിട്ടത്. പ്രതിരോധ മേഖലയിലുള്ള മുതിർന്ന ഉദ്യോഗസ്ഥരേയും ശാസ്ത്രജ്ഞരേയും, മേയർമാരേയും ആക്രമിക്കാൻ ഇറാനിയൻ ഘടകങ്ങൾ പദ്ധതിയിട്ടതായാണ് വിവരം.
മുതിർന്ന ഇസ്രായേൽ ശാസ്ത്രജ്ഞനേയും, രാജ്യത്തെ ഒരു നഗരത്തിന്റെ മേയറേയും വധിക്കാൻ പദ്ധതിയിട്ടതിന് ഏഴ് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇറാനിയൻ ഏജന്റുമാരാണ് ഇവരെ റിക്രൂട്ട് ചെയ്തത്. ജറുസലേമിലെ ബെയ്റ്റ് സഫാഫയിൽ താമസിച്ചിരുന്ന ഇവരിൽ ചിലർ ഇസ്രായേൽ പൗരന്മാരാണ്. ഇസ്രായേൽ പൗരനായ 23കാരനാണ് കേസിലെ പ്രധാന പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇറാനിയൻ ഏജന്റുമാരുമായി ഇവർ നിരന്തരമായി ബന്ധപ്പെട്ടതിന് അടക്കം തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. 23കാരനായ യുവാവ് തന്നെയാണ് പദ്ധതി പൂർത്തിയാക്കുന്നതിന് വേണ്ടി കൂടുതൽ ആളുകളെ ഈ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തത്. രഹസ്യവിവരങ്ങൾ ശേഖരിച്ചതിന് പുറമെ, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ചുവരുകളിൽ എഴുതുകയും, വാഹനങ്ങൾക്ക് തീയിടുന്നത് ഉൾപ്പെടെയുള്ള അക്രമങ്ങളും സംഘം നടത്തിയിട്ടുണ്ട്.
അക്രമിസംഘം ലക്ഷ്യമിട്ടത് ആരെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. പൊലീസ് വാഹനം തകർക്കാനും, ശാസ്ത്രജ്ഞന്റെയും മേയറുടേയും വീടുകൾക്ക് നേരെ ഗ്രനേഡ് എറിയാനും അക്രമിസംഘം പദ്ധതിയിട്ടിരുന്നു. 53,000 യുഎസ് ഡോളറാണ് അക്രമികൾക്ക് ഇറാനിയൻ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്. ശാസ്ത്രജ്ഞന്റെ വീടിന്റെ ചിത്രങ്ങളും ഇവർ ശേഖരിച്ച് ഇറാനിയൻ സംഘത്തിന് കൈമാറിയിരുന്നു. ഇതിന് 132 യുഎസ് ഡോളർ ഇവർക്ക് പ്രതിഫലമായി ലഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളുടെ വീടുകളിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ നിരവധി വ്യാജ ഐഡി കാർഡുകളും പണവും ക്രെഡിറ്റ് കാർഡുകളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.