ന്യൂഡൽഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണികൾ തുടർക്കഥയാകുന്നു. ഇന്ന് മാത്രം രാജ്യത്ത് വിവിധയിടങ്ങളിലായി 85-ലധികം വിമാനങ്ങൾക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. എയർ ഇന്ത്യയുടെ 20 വിമാനങ്ങൾ, ഇൻഡിഗോയുടെ 20 വിമാനങ്ങൾ, വിസ്താരയുടെ 20, ആകാശയുടെ 25 വിമാനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശമെത്തിയതെന്നാണ് റിപ്പോർട്ട്. വ്യാജ ഭീഷണികൾ നിരവധി സർവീസുകളെയാണ് ബാധിക്കുന്നത്. മിക്കവയിലും അടിയന്തര സുരക്ഷാ നടപടികൾക്ക് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 11 ദിവസത്തിനിടെ 250-ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. നിരവധി വിമാനങ്ങളാണ് വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വൈകിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് എയർലൈൻ കമ്പനികൾക്കുണ്ടായത്. വ്യാജ ബോംബ് ഭീഷണികൾ നേരിടാൻ സംവിധാനം സജ്ജമാക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞിരുന്നു.
ഇതിനിടെ വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിൽ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളായ എക്സും മെറ്റയും സഹകരിക്കുന്നില്ലെന്ന് നിസഹകരണത്തെ വിമർശിച്ച് കേന്ദ്രം പറഞ്ഞിരുന്നു. വ്യാജ സന്ദേശമയച്ച എല്ലാ ഹാൻഡിലുകളും വ്യാജമാണെന്ന് ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണ സംഘം സോഷ്യൽമീഡിയ കമ്പനികളുടെ സഹായം തേടിയത്.