ഹരിപ്പാട് ; മഹാദീപക്കാഴ്ചയോടെ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് തുടക്കമായി. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രനടയിലെ വിളക്കിൽ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരിയും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തെളിച്ചതോടെയാണ് മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായത്.
വിശ്വാസികളും, കുടുംബാംഗങ്ങളും ചേർന്ന് ക്ഷേത്രപരിസരത്ത് ഒരുങ്ങിയിരുന്ന എല്ലാ വിളക്കുകളിലേയ്ക്കും ദീപം പകർന്നു.അനന്തഭഗവാന്റെ ദർശന പുണ്യമായ പൂയം തൊഴൽ ഇന്നു നടക്കും.
രാത്രി 10ന് നട അടയ്ക്കുന്നതുവരെ പൂയം തൊഴാം. ആയില്യത്തിന് പുലർച്ചെ 4ന് നട തുറക്കും. രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും. 12 ന് ആയില്യം എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിനുശേഷം വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജ നടക്കും. നൂറും പാലും, ഗുരുതി, തട്ടിൻമേൽ നൂറും പാലും എന്നിവയും ഉണ്ടാകും.