എറണാകുളം: കൊച്ചി ഇരുമ്പനത്തെ ശ്മശാനത്തിനുള്ളിൽ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള തൃപ്പൂണിത്തുറ നഗരസഭയുടെ നീക്കത്തിൽ പ്രതിഷേധം. നിർമ്മാണത്തിന്റെ ഭാഗമായി ശ്മശാന കോമ്പൗണ്ടിനുള്ളിലെ തണൽ മരങ്ങൾ മുറിച്ചുമാറ്റി.
ഹിന്ദു വിശ്വാസപ്രകാരം വീടുകളിൽ കർമ്മം പൂർത്തിയാക്കിയാണ് സംസ്കാരത്തിന് കൊണ്ടുവരുന്നത്. പവിത്രതയോടെ സൂക്ഷിക്കുന്ന സ്ഥലത്ത് മാലിന്യ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ ഹൈന്ദവ വിശ്വാസികൾ കടുത്ത പ്രതിഷേധത്തിലാണ്. മൃതദേഹ സംസ്കരത്തെ അവഹേളിക്കുന്ന വിധമുള്ള തൃപ്പൂണിത്തുറ നഗരസഭയുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത് വിശ്വാസികൾ കോടതിയെയും സമീപിച്ചിരുന്നു.
2015 ലാണ് ശ്മശാനം സ്ഥാപിതമായത്. സ്ഥലം ശ്മശാന ഭൂമി എന്നാണ് വില്ലേജ് രേഖകളിലുളളത്. 2022 ലാണ് ഇവിടെ എംസിഎഫ് ആരംഭിക്കാൻ എൽഡിഎഫ് ഭരിക്കുന്ന നഗരസഭ തീരുമാനമെടുത്തത്. പിന്നാലെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചതോടെ പ്രദേശവാസികൾ കോടതിയെ സമീപിക്കുകയും പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. ബിജെപി വിഷയം നഗരസഭാ കൗൺസിൽ യോഗത്തിലും ഉയർത്തി. എന്നാൽ ഭരണസമിതി തികച്ചും ഹൈന്ദവ വിരുദ്ധമായ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചത്. ഇതിനിടെയാണ് വീണ്ടും നിർമ്മാണത്തിനുള്ള നീക്കം നഗരസഭ നടത്തുന്നത്.
എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ് അടക്കമുള്ള വിവിധ സാമുദായിക സംഘടനകൾ ചേർന്ന് രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പവിത്രമായി സൂക്ഷിക്കേണ്ട സ്ഥലത്ത് വിശ്വാസ അവഹേളനം നടത്താൻ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.
നിലവിൽ കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കേണ്ടി വരുമ്പോൾ അടുത്ത പഞ്ചായത്തുകളിലെ ശ്മശാനങ്ങളയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. അത്തരം ഒരു സന്ദർഭത്തിലാണ് കൂടുതൽ പ്രയാസം സൃഷ്ടിച്ച് മാലിന്യ സംഭരണകേന്ദ്രം ഒരുങ്ങുന്നത്.