പാലക്കാട്: ബിജെപിയും കൃഷ്ണകുമാറും ചേർന്ന് പാലക്കാട് എടുത്തിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാത്ത സർക്കാരിനും ജനങ്ങളെ വഞ്ചിക്കുന്ന പ്രതിപക്ഷത്തിനുമെതിരെയുള്ള വിധി എഴുത്ത് പാലക്കാട് തെരഞ്ഞെടുപ്പിൽ ഉണ്ടാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
പാലക്കാട് കൽപ്പാത്തിയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൽപ്പാത്തിയിൽ നിന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ബിജെപിയെ ജനങ്ങൾ വിജയിപ്പിക്കണം. കർഷക നിയമങ്ങൾ തച്ചുടച്ചവർക്ക് കർഷകരുടെ കണ്ണീരൊഴുക്കലിന് സാന്ത്വനമേകാൻ സാധിച്ചോ. ഈ നിയമങ്ങളെ നശിപ്പിച്ച ആളുകൾ അന്ന് എവിടെ പോയി. കഴിഞ്ഞ വർഷവും കർഷകരുടെ കണ്ണീർ എല്ലാവരും കണ്ടതാണ്. കൊയ്തെടുത്ത ധാന്യങ്ങൾ എടുത്തുകൊണ്ട് പോകാൻ ആരുമില്ല. എടുത്ത് കൊണ്ട് പോയവർ കർഷകർക്ക് പണവും നൽകിയില്ല.
കർഷക നിയമങ്ങൾ തച്ചുടയ്ക്കാൻ വന്നവരെ നിങ്ങൾ തച്ചുടച്ചിരുന്നെങ്കിൽ കർഷകർക്ക് ഇന്നുണ്ടാകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ലായിരുന്നു. കർഷകർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രതിവർഷം ആറായിരം രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നത്. അവിടെ നിന്ന് അടിച്ചുമാറ്റാൻ ആർക്കും കഴിയില്ല. അത് 12,000 ആയി ഉയർത്തുന്നതിനുള്ള നടപടികൾ നടക്കുകയാണ്.
പാലക്കാട് താമര വിരിയും. ബിജെപിയും കൃഷ്ണകുമാറും ചേർന്ന് പാലക്കാട് ഇങ്ങ് എടുത്തിരിക്കും. പുതിയ ജനാധിപത്യം ജനങ്ങളാണ് രചിക്കേണ്ടത്. അതിന്റെ നേട്ടം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഉണ്ടായിരിക്കും. രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനാണ് വോട്ട് നൽകേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.