ദുബായ്: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു. ദുബായിലെ അൽ അവീറിലെ വയലെറ്റെഴ്സ് സെറ്റിൽമെന്റ് കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.
അതേസമയം പൊതുമാപ്പ് കാലാവധി നീട്ടിയാലും സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ഔട്ട്പാസ് ലഭിച്ച പ്രവാസികൾക്ക് 14 ദിവസം മാത്രമേ യു.എ.ഇയിൽ തങ്ങാൻ സാധിക്കുവെന്ന് അധികൃതർ വ്യക്തമാക്കി. ഔട്ട്പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക്, തിരികെ യുഎഇയിലേക്ക് പ്രവേശിക്കാൻ ഒരു വിലക്കുമില്ല. എപ്പോൾ വേണമെങ്കിലും കൃത്യമായ രേഖകളുപയോഗിച്ച് അവർക്ക് തിരികെ വരാമെന്ന് അധികൃതർ ആവർത്തിച്ചു.
വീസ സ്റ്റാറ്റസ് ശരിയാക്കാൻ വളരെയേറെപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രത്തിലേയ്ക്ക് എത്തിയത്. ഈ സാഹചര്യത്തിൽ പൊതുമാപ്പ് സേവനങ്ങൾക്കായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെയും അൽ അവീറിൽ നിയോഗിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് അൽ അവിർ സെന്ററിന്റെ പ്രവർത്തന സമയം.
ഇതുവരെ വീസ സ്റ്റാറ്റസ് ശരിയാക്കാത്ത നിയമലംഘകാർ ഏറ്റവും വേഗത്തിൽ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു