റായ്പൂർ: പൊലീസിനെ ആക്രമിച്ചതിന് പിന്നാലെ തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട വനിതാ നക്സലൈറ്റ് ഉൾപ്പടെ അഞ്ച് നക്സലൈറ്റുകൾ കീഴടങ്ങി. ഛത്തീസ്ഗഡിലെ ബിജാപൂരിൽ പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുമ്പാകെയാണ് നക്സലൈറ്റുകൾ കീഴടങ്ങിയത്. മുതിർന്ന കേഡർമാർ നടത്തിയ അതിക്രമങ്ങളിലും മനുഷ്യത്വരഹിതവും പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലും നിരാശയുണ്ടെന്നാരോപിച്ചാണ് അഞ്ചംഗ സംഘം കീഴടങ്ങിയത്.
വിദൂര ഗ്രമങ്ങളിലെ വികസന പ്രവർത്തനങ്ങൾ സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘നിയാദ് നെല്ലനാർ’ (നിങ്ങളുടെ നല്ല ഗ്രാമം) പദ്ധതിയിൽ ഇവർ ആകൃഷ്ടരാണെന്നും ഇത് കീഴടങ്ങലിലേക്ക് നയിച്ചെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ബുജി എന്ന സുശീലയ്‌ക്കാണ് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്നത്. 2018-നും 2023-നുമിടയിൽ മഹാരാഷ്‌ട്ര -ഛത്തീസ്ഗഢ് സംസ്ഥാന അതിർത്തിയിലെ ഗഡ്ചിരോളി പ്രദേശത്ത് പൊലീസിനെ നേരെ വെടിയുതിർത്ത ഏഴ് സംഭവങ്ങളിൽ ഇവർ പങ്കുണ്ട്.
കീഴടങ്ങിയവർക്ക് 25,000 രൂപ വീതം ധനസഹായം നൽകിയെന്നും സർക്കാർ നിയമപ്രകാരം പുനരധിവസിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ഇതുവരെ ജില്ലയിൽ 185 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. 411 പോരെ അറസ്റ്റും ചെയ്തിരുന്നു.















