ശ്രീനഗർ: രാജ്യത്തൊട്ടാകെ ദീപാവലി ആഘോഷങ്ങൾ നടക്കുമ്പോൾ കശ്മീരിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് സൈന്യം. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിലെ ജവാന്മാരാണ് മധുരം വിതരണം ചെയ്ത് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. പിർ പഞ്ചൽ റേഞ്ചിലെ മലയോര മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർ തങ്ങളുടെ ക്യാമ്പിൽ ദീപം തെളിയിച്ചും പാട്ട് പാടിയും ദീപാവലി ആഘോഷിച്ചു.
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്ന സൈനികരും ദീപാവലി ആഘോഷിച്ചു. ദീപാവലിയോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടത്തിയും പടക്കം പൊട്ടിച്ചും സൈനികർ ആഘോഷങ്ങളുടെ ഭാഗമായി. സൈനികർ പരസ്പരം ദീപാവലി ആശംസകൾ കൈമാറുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്നും സൈനികർ പ്രതികരിച്ചു. കുടുംബത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. പക്ഷേ, ഇവിടെ സഹപ്രവർത്തകരോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇതാണ് ഞങ്ങളുടെ വീട്, ഇവിടെയാണ് ഞങ്ങളുടെ ആഘോഷങ്ങൾ നടക്കുന്നതെന്നും ആയിരുന്നു അതിർത്തി മേഖലയിലെ ഒരു സൈനികന്റെ പ്രതികരണം.
അതേസമയം, സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അരുണാചൽ പ്രദേശിലെത്തി. അരുണാചൽ പ്രദേശിലെ തവാങ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് രാജ്നാഥ് സിംഗ് ഇത്തവണ ദീപാവലി ആഘോഷിക്കുന്നത്.