ഇസ്ലാമാബാദ് : പാകിസ്താനിൽ ദീപാവലി ആഘോഷിച്ച് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസ് ഷെരീഫ് . ഷഹ്റാ-ഇ-ക്വൈദ്-ഇ-അസാമിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്നതിനായി വിവിധ സംരംഭങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് മറിയം .
ചടങ്ങിൽ മുഖ്യമന്ത്രി മറിയം നവാസ് ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രത്യേക കാർഡുകൾ വിതരണം ചെയ്യുമെന്നും ന്യൂനപക്ഷ വെർച്വൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. ന്യൂനപക്ഷ മേഖലകളുടെ വികസനം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളെക്കുറിച്ചും അവർ വ്യക്തമാക്കി.
“ആരെങ്കിലും ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമം നടത്തിയാൽ, ഇരയ്ക്കൊപ്പം ഞാൻ നിൽക്കും. നമ്മളെല്ലാം പാകിസ്താനികളാണ്, ദീപാവലി സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. ദീപാവലി വിളക്ക് കത്തിച്ചപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. അത് പാകിസ്താനികൾ എന്ന നിലയിലുള്ള നമ്മുടെ ഐക്യത്തെ പ്രതീകപ്പെടുത്തുന്നു.” എന്നും അവർ പറഞ്ഞു.