ഗാന്ധിനഗർ: രാജ്യത്തിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ വെച്ചു പൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഇന്ന് ദേശീയ ഐക്യദിനമായി ആചരിക്കുകയാണ് രാജ്യം. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർബൻ നക്സലുകളെ പോലുള്ള ചില വികൃത ശക്തികൾ ഇന്ത്യയുടെ ഉയർച്ചയെക്കുറിച്ച് ആശങ്കാകുലരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന് അകത്തും പുറത്തും അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കാനാണ് ഇത്തരക്കാരുടെ ശ്രമം. ആഗോള നിക്ഷേപകരെ ലക്ഷ്യവെച്ചാണ് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ ഇവർ പടച്ചുവിടുന്നത്.
ഇന്ത്യയെ എന്നും ദരിദ്ര രാഷ്ട്രമായി നിലനിർത്താനാണ് അവർക്ക് ഇഷ്ടം. അർബൻ നക്സലുകളുടെ കൂട്ടുകെട്ടിനെ തിരിച്ചറിയറമെന്നും അവർക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കഴിഞ്ഞ പത്തുവർഷത്തിനിടെ ദേശസുരക്ഷയെ ബാധിക്കുന്ന ഭീഷണികൾ ഇല്ലാതാക്കാൻ സർക്കാരിന് സാധിച്ചു. ഇന്ത്യയെ ദ്രോഹിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ലെന്ന് ഇന്ന് തീവ്രവാദികൾക്കറിയാം. സമാധാനം, വികസനം, സമൃദ്ധി എന്നിവ മുറുകെ പിടിച്ച് മുന്നോട്ട് കുതിക്കുകയാണ് രാജ്യം. ലോക രാജ്യങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കുമ്പോൾ ലോകം ഇന്ത്യയോട് അടുക്കുകയാണ്. പ്രശ്നങ്ങൾക്ക് ഇന്ത്യ എങ്ങനെയാണ് പരിഹാരം കാണുന്നതെന്ന് ലോകം ഉറ്റുനോക്കുകയാണ്’- അദ്ദേഹം വ്യക്തമാക്കി.
ഇൻഡി സഖ്യത്തെനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. ഭരണഘടനയെ പ്രകീർത്തിക്കുന്നവർ തന്നെയാണ് ഏറ്റവും കൂടുതൽ അതിനെ അപമാനിച്ചത്. 70 വർഷം അംബേദ്കറുടെ ഭരണഘടന രാജ്യത്ത് പൂർണമായി നടപ്പാക്കിയിരുന്നില്ല. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 എന്ന മതിലാണ് അതിന് കാരണം. ആർട്ടിക്കിൾ 370 എന്നന്നേക്കുമായി കുഴിച്ചുമൂടി. കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഭരണഘടനാ നിർമാതാക്കൾക്കുള്ള എളിയ ആദരാഞ്ജലിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു രാജ്യം, ഒരു ഐഡൻ്റിറ്റിയെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ ആധാർ കാർഡ് ലോകം ചർച്ച ചെയ്യുകയാണ്. ജിഎസ്ടിയിലൂടെ ‘ഒരു രാഷ്ട്രം, ഒരു നികുതി’ സംവിധാനം കൊണ്ടുവന്നു. ആയുഷ്മാൻ ഭാരത് വഴി ‘ഒരു രാജ്യം, ഒരു ആരോഗ്യ ഇൻഷുറൻസും’ നടപ്പിലാക്കി. അടുത്തതായി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് നമ്മളിപ്പോൾ. വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ രാജ്യം ഒരു പടി കൂടി മുന്നിലെത്തും. കൂടാതെ ഒരു രാജ്യം, ഒരു സിവിൽ കോഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് കൂടി നീങ്ങുകയാണെന്നും,- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു