കൊച്ചി: ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാലയായ ഇന്ത്യൻ കോഫി ഹൗസ് തനിക്ക് ഏറെ പ്രിയമാണെന്ന കവി കുരീപ്പുഴ ശ്രീകുമാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിൽ ഉൾപ്പെടെ കവി പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കാൻ ലക്ഷ്യമിട്ടുളളതാണെന്നും വിമർശനം ഉയർന്നു.
ഹിന്ദു വിശ്വാസമനുസരിച്ച് വിഘ്നങ്ങൾ തീർത്ത് ഐശ്വര്യദായകനാണ് ഗണപതി ഭഗവാൻ. ഗണപതിയുടെ ചിത്രമോ ചെറുരൂപമോ മിക്ക കടകളിലും കാണുകയും ചെയ്യും. ഇതിനെയാണ് കുരീപ്പുഴ അവഹേളിച്ചതെന്നായിരുന്നു വിമർശനം. കവിക്ക് ഫേസ്ബുക്ക് വഴി തന്നെ മറുപടി നൽകിയിരിക്കുകയാണ് വിജയൻ രാജപുരം എന്നയാൾ.
Indian Coffee House എനിക്കും പ്രിയം തന്നെ, പക്ഷേ അത്, ഗണപതിയുടെ ചിത്രം ഇല്ലാത്തതുകൊണ്ടോ മറ്റാരുടേയെങ്കിലും ഫോട്ടോ ഉള്ളതുകൊണ്ടോ അല്ല. നല്ല ഭക്ഷണം കിട്ടുമെന്ന വിശ്വാസം കൊണ്ടു മാത്രമാണ്. അങ്ങനെ കിട്ടാത്ത ചില കോഫീ ഹൗസിനെ ഒഴിവാക്കാറുമുണ്ട്. ഫോട്ടോകൾ ഉണ്ടായാലും ഇല്ലെങ്കിലും ഭക്ഷണം നല്ലതാണെങ്കിൽ മാത്രമേ ഹോട്ടലിൽ ആള് കയറൂ. ഹോട്ടൽ നടത്തിപ്പുകാരുടെ വിശ്വാസമനുസരിച്ച് പല ചിത്രങ്ങളും ചുവരിൽ തൂങ്ങിയെന്നുവരും. അവ നമ്മെ കടിക്കാത്തിടത്തോളം നാമെന്തിനാണ് അവയെ ചൊറിയുന്നത്. ഇങ്ങനെയാണ് വിജയൻ രാജപുരത്തിന്റെ മറുപടി തുടങ്ങുന്നത്.
എന്താണീ എഴുത്തുകാർക്ക് സംഭവിക്കുന്നത്? ഇങ്ങനെയാണോ പുരോഗമനം വരുന്നത്?
കുരീപ്പുഴയെപ്പോലുള്ള കവികളിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത് നല്ല കവിതകളാണ്. ചോദിക്കാമോ എന്നതിൽ ശങ്കയുണ്ട്, എങ്കിലും ചോദിച്ചോട്ടെ?
”കവിതയുറവ്
കുറയുന്നുവോ കവേ ?!’ എന്ന് ചോദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ഇതിനൊപ്പം 1992 ൽ നടന്ന ഒരു സംഭവകഥയും അദ്ദേഹം പങ്കുവെച്ചു. 1992 ലാണ് എന്നാണോർമ്മ, കുരീപ്പുഴ രാജപുരത്ത് വന്നിരുന്നു. പത്രപ്രവർത്തകനായ വേണു കല്ലാർ കൂടെയുണ്ട്. അന്ന് ഞാൻ നടത്തിവന്നിരുന്ന നിർമ്മലാ കോളേജിലായിരുന്നു കവി അന്തിയുറങ്ങിയത്. കവിതയും യാത്രയുമായി രണ്ടുദിവസം. ഭക്ഷണം തൊട്ടടുത്തുള്ള ഒരു കള്ളുഷാപ്പിലായിരുന്നു. (ഷാപ്പിൽ കള്ളു വിൽപ്പനയുണ്ടെങ്കിലും കള്ളു കുടിക്കാത്തവരും അവിടുന്ന് കപ്പയും കഞ്ഞിയും കഴിക്കും. കോളേജ് കുട്ടികൾ ഉൾപ്പെടെ അവിടുന്നാണ് കഞ്ഞി കുടിച്ചിരുന്നത്).
ക്രിസ്ത്യൻ സമുദായക്കാർ ഭൂരിപക്ഷമുളള സ്ഥലത്ത് കള്ളുഷാപ്പുകാരൻ തികഞ്ഞ ഹൈന്ദവ ദൈവ വിശ്വസിയായിരുന്നു എന്നതോ അവിടുത്തെ ചുമരിൽ ദൈവങ്ങളുടെ ചിത്രങ്ങളുണ്ട് എന്നതോ പതനിറഞ്ഞ കള്ളുകുപ്പികൾ തൊട്ടടുത്തുണ്ട് എന്നതോ രാജപുരക്കാരെയാരെയും ഭക്ഷണത്തിൽ നിന്ന് അകറ്റിയിട്ടില്ല, വിദ്വേഷം പരത്തിയിട്ടില്ലെന്നും വിജയൻ രാജപുരം ഓർമ്മിപ്പിക്കുന്നു.