ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തർക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് ഖാലിസ്ഥാൻ തീവ്രവാദികൾ. ലക്ഷ്മി നാരായണ ക്ഷേത്രത്തിലും സമാനമായ രീതിയിൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാൻ ഭീകരർ കൂട്ടമായെത്തി ഭക്തർക്ക് നേരെ വടി വീശി ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
ഖാലിസ്ഥാൻ ഭീകരസംഘടനയുടെ കൊടികളുമായാണ് അക്രമികൾ എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആക്രമണത്തിന് ഇരയായതായി ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ ആരോപിച്ചു. ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയെ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. രാജ്യത്ത് അക്രമസംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും ട്രൂഡോ പറയുന്നു.
” ബ്രാംപ്ടണിലെ ഹിന്ദുസഭാ മന്ദിറിലുണ്ടായ അക്രമസംഭവങ്ങൾ അംഗീകരിക്കാനാകുന്നതല്ല. കാനഡയിലെ ഓരോ പൗരനും അവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കാനും ആചരിക്കാനും അവകാശമുണ്ട്. സംഭവത്തിൽ പൊലീസ് വേഗത്തിൽ ഇടപെട്ടുവെന്നും, അന്വേഷണം നടക്കുന്നതായും” ട്രൂഡോ കൂട്ടിച്ചേർത്തു. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, എന്നാൽ അക്രമം അംഗീകരിക്കില്ലെന്നും പീൽ റീജിയണൽ പൊലീസ് ചീഫ് നിഷാൻ പറഞ്ഞു.
അതേസമയം ഖാലിസ്ഥാൻവാദികൾ എല്ലാ സീമകളും മറികടക്കുകയാണെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ വിമർശിച്ചു. ആക്രമണത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കാനഡയിലെ ഖാലിസ്ഥാനികൾ തീവ്രവാദികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയാണെന്നും, അവർക്ക് കാനഡയിൽ എല്ലാ സുരക്ഷിതത്വവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാധാനാലയങ്ങൾ സുരക്ഷിതത്വമുള്ള ഇടങ്ങളാണെന്നും, അവിടെ നടക്കുന്ന ഏതൊരു അക്രമസംഭവത്തേയും ശക്തമായി അപലപിക്കുകയാണെന്നും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ പറഞ്ഞു.