റായ്ച്ചൂർ: കിടപ്പാടത്തിന്മേൽ വഖ്ഫ് ബോർഡിന്റെ അവകാശവാദം മസ്കി ടൗണിലെ നിരാലംബരായ ചേരി നിവാസികളെ വഴിയാധാരമാക്കി. വഖ്ഫ് അധിനിവേശം സംഹാരതാണ്ഡവമാടുന്ന കർണാടകയിലാണ് ഈ സംഭവവും. റായ്ച്ചൂർ ജില്ലയിലെ മാസ്കി ടൗണിലെ ചേരി നിവാസികളാണ് തങ്ങളുടെ വീടുകൾക്ക് പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കളായി കണ്ടെത്തിയിട്ടും മൂന്നൂറോളം കുടുംബങ്ങൾക്ക് പട്ടയ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. വിതരണം ചെയ്യാനിരുന്ന ഭൂമി വഖ്ഫ് സ്വത്താണെന്നു ചൂണ്ടിക്കാട്ടി ജൂലായ് 29-ന് നിശ്ചയിച്ചിരുന്ന പട്ടയ വിതരണ പരിപാടി വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ റദ്ദാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.
കർണാടക ചേരി വികസന ബോർഡ് (കെഎസ്ഡിബി) ഇവിടുത്തെ ചേരി നിവാസികൾക്ക് പട്ടയം വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ തലമുറകളായി ഇവർ താമസിച്ചു വന്ന ഭൂമി വഖഫ് സ്വത്താണെന്ന് പറഞ്ഞു കൊണ്ട് ഭവന, വഖ്ഫ് മന്ത്രി ബി.സെഡ്.സമീർ അഹമ്മദ് ഖാന്റെ വാക്കാലുള്ള നിർദ്ദേശത്തെത്തുടർന്ന് പട്ടയ വിതരണം നിർത്തിവക്കുകയായിരുന്നു എന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘സ്ലം-ബോർഡ് ലാൻഡ്’ എന്ന് റവന്യു രേഖകളിൽ പ്രത്യേകം സൂചിപ്പിച്ചിരിക്കുന്ന ഭൂമിയാണ് ഇത്. ഈ ഏഴേക്കർ പ്ലോട്ടിൽ 30-35 വർഷമായി 300-ലധികം അവശ കുടുംബങ്ങൾ താമസിക്കുന്നു. കെഎസ്ഡിബി സ്ഥലം ഏറ്റെടുത്ത് പട്ടയം വിതരണം ചെയ്യാൻ തീരുമാനമായി. ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി ഈ കുടുംബങ്ങൾ ചട്ടപ്രകാരം 1,000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെഎസ്ഡിബിക്ക് സമർപ്പിക്കുകയും ചെയ്തു.
കർണാടക ചേരി വികസന ബോർഡ്, അവിടുത്തെ ഭവന വകുപ്പുമായി സഹകരിച്ച്, ഈ നിരാലംബരായ കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നതിനായി ജൂലൈ 29 ന് ഒരു പരിപാടി സംഘടിപ്പിച്ചു. മസ്കിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആർ ബസനഗൗഡ തുർവിഹാൽ പരിപാടിയുടെ അധ്യക്ഷനാവുകയും മന്ത്രി സമീർ അഹമ്മദ് ഖാനെ രേഖകൾ വിതരണം ചെയ്യാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ പൊടുന്നനെ വിതരണം ചെയ്യാനുള്ള ഭൂമി വഖ്ഫ് സ്വത്താണ് എന്ന് പറഞ്ഞു കൊണ്ട് പരിപാടി റദ്ദാക്കുകയായിരുന്നു.
കർഷകർ, മത സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളിന്മേൽ കർണാടക സംസ്ഥാനത്തുടനീളം വഖ്ഫ് ബോർഡ് അധിനിവേശം നടത്തുന്നതായുള്ള വാർത്തകൾ പ്രചരിച്ചതോടെ, മാസ്കിയിലെ ചേരി നിവാസികൾ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തി രംഗത്തു വരികയായിരുന്നു.