ഒട്ടാവ( കാനഡ): ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്ര പരിസരത്ത് നടന്ന ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ഇന്ത്യ. കോൺസുലേറ്റുമായി ബന്ധപ്പെട്ട് വാൻകൂവറിലും സറേയിലും അടുത്തിടെ സംഘടിപ്പിച്ച പരിപാടിയിലും ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിൽ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. ഭാവിയിൽ ഇത്തരം പരിപാടികൾ നടത്തുന്നത് പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി. ക്ഷേത്ര പരിസരത്ത് ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ ക്യമ്പിൽ പങ്കെടുക്കാൻ എത്തിയവരാണ് ആക്രമിക്കപ്പെട്ടത്.
ഖലിസ്ഥാൻ ഭീകരരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിട്ടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭക്തർക്ക് നേരെ വടി വീശി ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആക്രമണത്തിന് ഇരയായി.
സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നെങ്കിലും ആക്രമികൾക്കെതിരെയുള്ള കാനഡയുടെ നടപടി കാത്തിരുന്ന് കാണേണ്ടി വരും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഖലിസ്ഥാൻ ഭീകരരെ പിന്തുണയ്ക്കുന്ന ട്രൂഡോയുടെ ഇന്ത്യ വിരോധം മുൻപ് നിരവധി തവണ പ്രകടമായതാണ്.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷമാണ് ഇരു രാജ്യങ്ങലും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില് ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.