പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജി തള്ളണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
ശബരിമലയിലെത്തുന്ന ഭക്തരിൽ നിന്ന് കെഎസ്ആർടിസി അധിക തുക ഈടാക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് ഹർജിയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, തീർത്ഥാടകരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
അതേസമയം, ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുന്നതിനും ആചാരം സംരക്ഷിക്കുന്നതിനും ഏതറ്റം വരെയും പോകുമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും തീർത്ഥാടകർക്ക് സുരക്ഷിത യാത്രയും സുഗമമായ ദർശനവും ഉറപ്പാക്കുമെന്നും അയ്യപ്പ സേവാ സമാജം പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അറിയിച്ചു.